കോരനും ചിരുതയും തകഴിയുടെ ഏത് കൃതിയിലെ കഥാപാത്രങ്ങളാണ് ?
പകലന്തിയോളം പാടങ്ങളിൽ പണിയെടുത്ത് കതിർക്കുടങ്ങൾ വിളയിപ്പിക്കുന്ന അവശരും മർദ്ദിതരുമായ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ വർഗബോധത്തോടെ ഉണർന്നെഴുന്നേറ്റു ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിർഭരവുമായ കഥയുടെ ഹൃദയാവർജകമായ ആവിഷ്കരണം.
എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും ഒട്ടു വളരെ വിദേശഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട കൃതി. ലോകപ്രശസ്തനായ തകഴിയുടെ വിഖ്യാതമായ നോവലുകളിലൊന്നാണ് രണ്ടിടങ്ങഴി.
ചിരുത
രണ്ടിടങ്ങഴിയിലെ നായികയാണ് ചിരുത. കല്യാണദിവസം തന്നെ കോരനോടൊപ്പം വീടു വിട്ടിറങ്ങേണ്ടി വന്നു. മറ്റൊരു നാട്ടിലെത്തി കോരൻ താമ സമാരംഭിച്ചപ്പോൾ ചിരുത കോരന്റെ കുടുംബിനിയായി സ്വന്തം കടമകൾ നിർവഹിച്ചു. കോരൻ കൊണ്ടുവരുന്ന അരി പാകം ചെയ്തു കഞ്ഞിയാക്കി കൂടുതൽ കോരനു നല്ലി താൻ കുറച്ചുമാത്രം കഴിച്ചു. ബാക്കിവരുന്നത് അടച്ചുവെച്ച് അടുത്ത ദിവസം രാവിലെ ഭർത്താവിനു നല്ലി ജോലിക്കയച്ചു. കുടുംബത്തിനുവേണ്ടി ചിരുതയും തന്നാലാവും വിധം അധ്വാനിച്ചു. സമയം കിട്ടുമ്പോൾ മുറം നെയ്തും മറ്റും കിട്ടുന്ന പൈസ കരുതി വെച്ചു. വീട്ടാവശ്യത്തിനായി പൈസ ചെലവഴിച്ചു. താൻ നെയ്തുവെച്ചിരുന്ന മുറം വിറ്റിട്ടാണ് ചിരുത കോരന്റെ അച്ഛൻ വന്നപ്പോൾ അല്പം കഞ്ഞികൊടുത്തത്. ചാക്കോയുടെ മര്യാദവിട്ട പെരുമാറ്റം ഉള്ളിൽ ഒതുക്കിവെച്ചു. ഭർത്താവിനെ അറിയിച്ചാൽ അയാൾ ചാക്കോയുമായി ഏറ്റുമുട്ടും എന്നറിഞ്ഞിട്ടാണ് അങ്ങനെ ചെയ്തത്.
കുടുംബസ്നേഹത്തിലും ഭർതൃസ്നേഹത്തിലും എല്ലാം മുൻപന്തിയിലാണ് ചിരുത, അധസ്ഥിതവർഗത്തിന്റെ ഇന്ദുലേഖ' എന്നാണ് പ്രൊഫ.ജോസഫ് മു ണ്ടശ്ശേരി ചിരുതയെ വിശേഷിപ്പിച്ചത്.
കോരൻ
പകലന്തിയോളം പണിയെടുക്കുകയും തുച്ഛമായ കൂലികൊണ്ട് അത്താഴപ്പട്ടിണി കഷ്ടിച്ചകറ്റുകയും ചെയ്യുന്ന കർഷക തൊഴിലാളിയാണ് കോരൻ. വിവാഹദിവസം വീട്ടുകാരോടുപിണങ്ങി വീടുവിട്ടിറങ്ങി മറുനാട്ടിലെത്തി. അവിടെ പുഷ്പവേലിൽ ഔസേപ്പിന്റെ പണിക്കാരനായി. കോരൻ നെല്ലുകൂലിക്കുവേണ്ടി വാദിച്ചു. എന്നാൽ ഒറ്റപ്പെട്ടുപോകുമെന്നു കണ്ടപ്പോൾ കോരൻ തന്റെ വാദം ഉപേക്ഷിച്ചു. നെല്ലിനു വില കൂ ടിയപ്പോൾ ജന്മിമാർ രാത്രിയിൽ അത് ഒളിച്ചു കടത്താൻ തുടങ്ങി. ഇതു കണ്ട കോരന്റെ ഉള്ളിൽ പ്രതിഷേധമിരമ്പി. പ്രതിഷേധിക്കാനും തൊഴിലാളികളെ സംഘടിപ്പിക്കാനും അതിടയാക്കി. കുടുംബസ്നേഹമുള്ള വ്യക്തിയായിരുന്നു അയാൾ. ചിരുതയെ പ്രാണനുതുല്യം സ്നേഹിച്ചു. അവളുടെ മാനം കവരാൻ ചാക്കോ ശ്രമിച്ചപ്പോൾ അയാളെ കൊന്ന് ജയിലിൽ പോകാൻ കോരൻ തയ്യാറായി. തന്നോടൊപ്പം എല്ലാം ഇട്ടി റങ്ങിപ്പോരുന്ന അവൾക്കുവേണ്ടിയാണയാൾ ജീവിച്ചത്. അതു പോലെ പിണങ്ങി നിന്ന അച്ഛൻ അവശനായി തന്റെ കൂരയിലെത്തിയപ്പോൾ എല്ലാം മറന്ന് രണ്ടുകൈയും നീട്ടി സ്വീകരിച്ചു. അച്ഛന് ഒരു നേരമെങ്കിലും വയറു നിറച്ച് ചോറുകൊടുക്കണ മെന്ന ആഗ്രഹമാണ് കോരനെ ക്കൊണ്ട് നെല്ലുകൂലിക്കുവേണ്ടി വാദിപ്പിച്ചത്. തൊഴിലിനോടുള്ള ആത്മാർഥത, കുടുംബസ്നേഹം, കൂടെ പണിയെടുക്കുന്നവരോടുള്ള സ്നേഹം, വർഗബോധം എന്നിവയുടെ പര്യായമായിരുന്നു കോരൻ.